2014, മേയ് 3, ശനിയാഴ്‌ച

" ഓർമ്മകുറിപ്പുകൾ " എന്ന എന്റെ നോവലൈറ്റിൽ നിന്നും ഒരു ഭാഗമിതാ .......
വീട്ടിലേക്കുള്ള യാത്രയിൽ അപ്പൂപ്പൻ എന്റെ വലതുകൈ അദ്ധേഹത്തിന്റെ കൈകളിൽ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു ..
" നന്ദൂ ...നീയങ്ങു വലുതായല്ലോ മോനെ ......"
അച്ഛൻ ഒളിക്കണ്ണാൽ, ഞാൻ അതിൽ അഭിമാനിക്കുന്നു  എന്ന ഭാവത്തിൽ കണ്ണട ഒന്നുകൂടി കണ്ണിനു നേരെയാക്കി.
ഞാനില്ലാതിരുന്ന കഴിഞ്ഞ അവധിക്കാലത്തെകുറിച്ച്  അപ്പൂപ്പൻ പറഞ്ഞുകൊണ്ടേയിരുന്നു .......
അപ്പൂപ്പനും തോന്നികാണണം എന്താണ് തനിക്കു പഴയപോലെ ഒരുത്സാഹം ഇല്ലാത്തത് എന്ന് ...
ടാറിട്ട റോഡിൽനിന്നും ടാക്സി മൻവെട്ടുവഴിയിലേക്ക് ഇറങ്ങിയപ്പോൾ മൂലയിലായി സ്ഥാനം പിടിച്ചിരുന്ന മുറുക്കാൻകട എന്നിൽ സംശയമുളവാക്കി ... അപ്പൂപ്പൻ പറഞ്ഞു ...
"അദ്രുവിന്റെ കടയാ ......പുതീതായി കഴിഞ്ഞ കൊല്ലത്തിലാ തൊടങ്ങീത് ....
മനയുടെ പടിപ്പുരവാതിൽ തുറന്നുകിടന്നിരുന്നു ....എങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല ....
വീട് അടുക്കുംതോറും മനസിനുള്ളിൽ എന്തോ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരനുഭൂതി നിറഞ്ഞു തുളുംബുകയായിരുന്നു ...
മരത്തണലിൽ വണ്ടിയൊതുക്കി നിർത്തി ..
അമ്മൂമ്മയും അമ്മയും ഞങ്ങളെ എതിരെല്ക്കാനെന്നപോലെ അകത്തളത്തിൽ നിന്നും വരുന്നുണ്ടായിരുന്നു ....
അമ്മയുടെ കയ്യിൽ കിടന്നു കളിക്കുന്ന തന്റെ കുഞ്ഞനുജൻ ...അപ്പോളും അവൻ വിവസ്ത്രനായിരുന്നു ...
അമ്മക്ക് കുറെയധികം വെളുപ്പ്‌ കൈവന്നതായി തോന്നി..
മാത്രവുമല്ല അല്പ്പം തടിയും കൂടിയിരിക്കുന്നു ..
കുഞ്ഞനുജൻ അമ്മയുടെ മുഖത്തേക്ക് മാത്രം നോക്കി ചിരിച്ചുകൊണ്ടിരുന്നതിനാൽ എനിക്ക് വിഷമം തോന്നി.
എല്ലാവരും മുൻവശത്ത്‌ തന്നെ ഉണ്ടായിരുന്നതിനാൽ അവനെ ഒന്ന് ലാളിക്കാനായി, എനിക്ക് നാണം തോന്നിയത് വാസ്തവമാണ് ...
അവന്റെ തുടുത്ത കുഞ്ഞികവിളുകളിൽ തലോടിയപ്പോൾ അമ്മയുടെ മുഖത്തുനിന്നും ശ്രദ്ധ മാറ്റി എന്നെ തന്നെ നോക്കുകയായിരുന്നു ...
പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന അവന്റെ വായിൽ നിന്നും അമൃത് ഊറുന്നത് അമ്മ തുടച്ചു കളഞ്ഞു ..
" മോനെ നന്ദു ........ഉണ്ണികുട്ടനെ നിനക്കിഷ്ട്ടപെട്ടോ ...? "  അമ്മ എന്റെ തലമുടിയിൽ തലോടി കൊണ്ട് ചോദിച്ചു ...
അമ്മ ഇപ്പോഴും തന്നെ ഒരു കൊച്ചുകുട്ടിയായി കാണുന്നു എന്നോർത്തപ്പോൾ അല്പ്പം കൊഞ്ചൽകലർന്ന്  സംസാരിക്കാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല .. അപ്പോഴേക്കും അച്ഛൻ അവിടെ പ്രത്യക്ഷപെടുകയായിരുന്നു.
ഏണിപ്പടികൾ കയറി തട്ടിൻപുറത്തെത്തുക എന്നതായിരുന്നു എന്റെ അടുത്ത ലക്‌ഷ്യം ..
അപ്പോഴും ഞാൻ എന്റെ കുഞ്ഞനുജന് വേണ്ടിയുള്ള ഒരു ഓമനപേര് തേടുകയായിരുന്നു ...
ഞാനില്ലാതിരുന്നതിനാൽ മുകളിലെ ജനവാതിൽ തുറക്കാറുണ്ടായിരുന്നില്ല എന്ന് അവിടത്തെ ചിലന്തിവലകളിലുടെ മനസ്സിലാക്കാൻ കഴിഞ്ഞു ...
മനപറമ്പിൽ കുറെയേറെ വിത്യാസങ്ങൾ വന്നിരിക്കുന്നെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് തോന്നി
നെല്ലിമരങ്ങളെല്ലാം പൂവിട്ടിരിക്കുന്നു ...ചീരക്കുവേണ്ടി വിത്ത് പാകിയിരുന്നിടം ചീരക്കാടായി മാറിയിരിക്കുന്നു ....
വിറകുപുരയുടെ മുകളിലിരുന്നുകൊണ്ട്  സുന്ദരികളായ അമ്പലപ്രാവുകൾ തമ്മിൽ ശ്രിങ്കരിക്കുന്നത് കണ്കുളിര്ക്കെ നോക്കികണ്ടു ...
വടക്കുവശത്തെ ജനവാതിലിന്റെ അഴികളിൽ ചിലതെല്ലാം ചിതൽ സ്വന്തമാക്കിയിരിക്കുന്നു ..
ഞാൻ വന്നു നിൽക്കാറുള്ള സമയങ്ങളിലെല്ലാം പച്ചസാരിയുടുത്തുനിന്നിരുന്ന പാടം, വേഷം മാറ്റി സ്വർണ്ണനിറമുള്ളതാക്കിയിരിക്കുന്നു ...
തെക്കേ ജനവാതിലിലുടെ നോക്കിയപ്പോൾ അദ്രമാന്റെ കടയുടെ പടിഞ്ഞാറ് വശത്തെ പീഞ്ഞപലകമേൽ സിനിമാപോസ്റ്റർ ഒട്ടിച്ചിരിക്കുന്നത് അവ്യക്തമായി കാണാമായിരുന്നു..
"....മോൻ മോളിലുണ്ടാകുംന്നെ .....തട്ടിന്പുറംന്നു വെച്ചാ അവനു പണ്ടേ ജീവനാ ..."  അമ്മൂമ്മ ഏണിപ്പടികൾ കയറി വരുമ്പോൾ
ആരോടോ പറയുന്നുണ്ടായിരുന്നു ...
അമ്മൂമ്മ അടുത്തുവന്ന് കസേരയിൽ ഇരുന്ന ശേഷം എന്നെ അരികിലേക്ക് വിളിച്ചു നിർത്തി ...
അമ്മൂമ്മ എന്റെ ഓരോരോ ശാരീരികമാറ്റങ്ങൾ നോക്കികാണുകയായിരിക്കണം ....
അമ്മൂമ്മയുടെ കൈവിരലുകൾ തലമുടിയിഴകളിലുടെ ഇഴയുമ്പോൾ ഞാനൊരു അനുസരണയുള്ള കുട്ടിയെപോലെ അമ്മൂമ്മയിലേക്ക്
ഒട്ടിനില്ക്കുകയായിരുന്നു ..
80 പേജുകൾ ഇതിനോടകം കഴിഞ്ഞെങ്കിലും .....ഈ നോവലൈറ്റ്‌ തുടരുന്നു .....
പുതിയ പുതിയ ഉച്ചാവസ്ഥകൾ തേടി..........